പുലിമുരുകൻ
ചില കഥാപാത്രങ്ങൾ അങ്ങിനെയാണ്
വേലായുധനും നീലകണ്ഠനും ആട് തോമയും അങ്ങിനെ അങ്ങിനെ ..
അക്കൂട്ടത്തിലേക്കു മുരുകനും കയറുമെന്ന് ഉറപ്പായും പറയാം.
സിനിമയുടെ തുടക്കം തന്നെ ഗംഭീരമാണ്.
മാസ്സ് എൻട്രി എന്നൊക്കെ പറയാവുന്ന ബിൽഡ്ആപ്പ്.
മുരുകൻറെ ചെറുപ്പം അഭിനയിച്ച പയ്യന്റെ പ്രതിഭയെ അംഗീകരിക്കാതെ വയ്യ.
ബാലതാരത്തിനുള്ള സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടാലും അദ്‌ഭുതപ്പെടാനില്ലാ.
മുരുകനെന്ന കഥാപാത്രം ലാലേട്ടനിലൂടെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒറ്റ രംഗം മാത്രം മതി, സിനിമയ്ക്ക് കൊടുത്ത സമയവും പൈസയും മുതലാവാൻ.
അസാധ്യമായ ബിൽഡ് ആപ്പാണ് കഥാപാത്രത്തിന് ലാലേട്ടൻ കൊടുത്തിട്ടുള്ളത്. Technology യുടെയും BGM ന്റെയും പങ്ക് ചെറുതായി കാണാൻ കഴിയില്ല.
എന്നാലും അസാധ്യമായ മെയ്‌വഴക്കവും ശരീര ഭാഷയും അതിലുപരി ഭാവാഭിനയങ്ങളുടെ ഒരു വേലിയേറ്റവും തന്നെയാണ് ആദ്യ സ്സീനുകൾ പ്രേക്ഷകന് സമ്മാനിയ്ക്കുന്നത്.
കടുവയെ നേരിടുന്ന ആദ്യ സീൻ ഗ്രാഫിക്സിൽ തീർത്ത വിസ്മയങ്ങളുടെ അകമ്പടിയിലാണെങ്കിലും പ്രേക്ഷകന്റെ ഹൃദയമിടിപ്പ് വാനോളം ഉയർത്തുമെന്ന് തീർച്ചയാണ്. ഹോളിവുഡിന്റെ നിലവാരത്തിലുള്ള സാങ്കേതിക മികവ് അവകാശപ്പെടാവുന്നതാണ് കടുവയുമൊത്ത് പിന്നീടുള്ള ഓരോ സംഘട്ടന രംഗങ്ങളും.
നരഭോജികടുവയെ വകവരുത്തുന്ന ആദ്യ സീൻ സമ്മാനിയ്ക്കുന്ന നടുക്കത്തിൽനിന്നു സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഭാര്യയും മകളുമൊത്തുള്ള കുളിര് പകരുന്ന രംഗങ്ങളിക്ക് സിനിമ പ്രേക്ഷകനെ നയിക്കുന്നത്.
കാടിന്റെ പശ്ചാത്തലവും, പുഴയും, വെള്ളച്ചാട്ടവും, കുടിലും തുടങ്ങി കഞ്ഞിക്കലത്തിലും ചിരട്ടകയിലിലും പ്ലാവിലയിലും തുടർന്ന് കത്തി, ശൂലം ചാരായ കുപ്പിയിൽ വരെ അവകാശപ്പെടാവുന്ന പെർഫെക്ഷൻ നമ്മെ വല്ലാത്ത ഒരു ഫീലിങ്ങിലേക്കു തള്ളി വിടുകയാണ് ചെയ്യുന്നത്.
കാനന ദൃശ്യങ്ങളും, ആദിവാസി ഊരുകളും, മലയെ ചുറ്റി വളഞ്ഞു പോകുന്ന ഹൈറേൻജ് റോഡുകളും ക്യാമറയിലാക്കി വെള്ളിത്തിരയിൽ വിസ്മയം സൃഷ്‌ടിച്ച ക്യാമറാമേൻ ഷാജി കുമാറിന്റെ പങ്ക് സിനിമയുടെ വിജയത്തിൽ എടുത്തു പറയേണ്ട ഒന്നാണ്.
പുലിവേട്ടയും, സംഘട്ടനങ്ങളും, കഞ്ചാവ് കടത്തലും, ഫോറെസ്റ്റ് ഓഫീസർ മാരുടെ അതിക്രമങ്ങളും, അവർക്കെതിരെ ഉള്ള സംഘടനങ്ങളും കൂട്ടത്തിൽ മുരുകനെ സഹായിക്കുന്ന ഫോറസ്റ്ററും, പിന്നീട് അയാളെ പുലി പിടിക്കുന്നതും അങ്ങിനെ കുറെ ക്ളീഷേ രംഗങ്ങൾ എന്ന് വിമർശകർക്ക് തോന്നുന്ന രംഗങ്ങൾ പോലും ചില പുതുമകളിലൂടെ നന്നാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
കാട്ടിൽ നിന്ന് നാട്ടിൽ എത്തുന്ന മുരുകനും കുടുംബവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ നിൽക്കുന്നതും, ചതികളിൽ പെടുന്നതും എല്ലാം നന്നായി ദൃശ്യവത്കരിച്ചിട്ടുണ്ടെങ്കിലും ചെറിയ ഇഴച്ചിൽ ഉണ്ടെന്നു പറയാതെ വയ്യ.
മയിൽവാഹനം എന്ന തൻ്റെ ലോറി തിരികെ കിട്ടാൻ കായിക്കന്റെ വീട്ടിൽ ചെന്ന് മുരുകൻ ഒറ്റയ്ക്ക് നടത്തുന്ന സംഘട്ടന രംഗങ്ങൾ തമിഴ് സിനിമയെപോലും വെല്ലുന്ന അതിമാനുഷികതയുടെ തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നുണ്ട്.എങ്കിൽ പോലും സംഘട്ടന രംഗങ്ങളിൽ ലാലേട്ടൻ അസാധ്യ പ്രകടനം തന്നെയാണ് നടത്തിയിരിയ്ക്കുന്നത്, പ്രത്യേകിച്ചും മെയ്‌വഴക്കവും ലാൻഡിങ്ങും.
വില്ലന്റെ മകൻ കൊല്ലപെടുന്നതും വില്ലൻ നായകനെ തപ്പി കാട്ടില് വരുന്നതും നായകനു വേണ്ടപ്പെട്ട ശശിയേയും ബാലരാമനെയും തട്ടിക്കൊണ്ടുപോയി നായകനെ താവളത്തിൽ എത്തിക്കുന്നതും എല്ലാം സ്ഥിരം പരിപാടി തന്നെ.
പക്ഷെ പിന്നീട് നടക്കുന്ന സംഘട്ടന രംഗങ്ങള് തമിഴ്-ഹിന്ദി-ഇംഗ്ലീഷ് സിനിമകളെ വെല്ലുന്നതാണ് എന്ന് പറയാതെ വയ്യ.
പതിനഞ്ചു മിനിറ്റോളം നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് സസ്പെൻസ് ഒന്നും സമ്മാനിയ്ക്കുന്നിലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന നിലവാരത്തിലാണ് ചെയ്തിട്ടുള്ളത്.
സിനിമയുടെ എഴുപത് ശതമാനവും സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്ന മോഹൻലാലിൻറെ അഭിനയ മികവ് തന്നെയാണ് സിനിമയുടെ വിജയം.
നെഞ്ച് വിരിച്ചും മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും പഞ്ച് ഡയലോഗ് അടിച്ചും ലാൽ ആരാധകർക്ക് ഒരു വിരുന് തന്നെയാണ് മുരുകൻ വിളമ്പുന്നത്.
ബാലരാമനായുള്ള ലാലിൻറെ അഭിനയവും ഒപ്പം ലാൽ-ലാൽ കെമിസ്ട്രിയും നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്.
മദ്യപാന സ്സീനുകൾ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ രണ്ടുപേരും ശ്രെധിച്ചിട്ടുണ്ട് .
സുരാജിന്റ വേഷം പതിവുപോലെ നന്നായിട്ടുണ്ട്.
ലാൽ-സുരാജ് കോമ്പിനേഷൻ തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കത്തിനൊന്നും തിരി കൊളുത്തുന്നില്ലെങ്കിലും ശരാശരി കുടുംബ പ്രേക്ഷകരുടെ ഹാസ്യം ആസ്വദിയ്ക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നുണ്ട്.
നായിക കമാലിനി മുഖർജി മൈനയായും വില്ലൻ ജഗപതി രാജു ഡാഡി ഗിരിജയായും ശരാശരി പ്രകടനം നടത്തി.
വൈശാഖ്, നിങ്ങൾ ഈ സിനിമയോടെ മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറിക്കഴിഞ്ഞു.
ദാസേട്ടന്റെ ശബ്ദം ഒരിക്കൽ കൂടെ കാതിനു കുളിരരായി മാറി എന്ന് പാട്ടുകളെപ്പറ്റി ഒറ്റവാക്കിൽ പറയാം.
ഒരിയ്ക്കൽ കൂടി പറയട്ടെ, Technology യുടെയും BGM ന്റെയും പങ്ക് ചെറുതായി കാണാൻ കഴിയില്ല. ഗോപി സുന്ദർ നിങ്ങൾ തകർത്തു.
ഫൈറ്റ് സ്സീനുകൾ കൈകാര്യം ചെയ്ത Peter Hain, നിങ്ങൾ ചെയ്ത സ്സീനുകൾ ഗംഭീരമായിട്ടുണ്ട്.
സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോ അണിയറ പ്രവർത്തകനും ഈ വിജയത്തിന്റെ പങ്ക് അവകാശപ്പെടാം.
നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിനു നന്ദി, ഒരു നല്ല സിനിമ കൂടി മലയാളി പ്രേക്ഷകന് സമ്മാനിച്ചതിന്.